൧. റബ്ബറിന്റെ വിലയിലെ ഏറ്റക്കുറച്ചിലിന് കാരണം ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരമാണ്. ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് കൂട്ടായ തീരുമാനത്തിലൂടെ ഇതിനെ നിയന്ത്രിക്കാന്‍ കഴിയും. പ്രതിമാസ വാങ്ങള്‍, ഉല്പന്ന നിര്‍മ്മാണം, ബാലന്‍സ് സ്റ്റോക്ക് ഇവയുടെ താണതും ഉയര്‍ന്നതുമായ പരിധി നിശ്ചയിക്കണം.
൨. 2009-10 ല്‍ ടയര്‍ നിര്‍മ്മാണം 971 ലക്ഷമായിരുന്നത് 2010-11 ല്‍ 1192ലക്ഷവും, 2011-12 ല്‍ 1254 ലക്ഷവും, 2012-13 ല്‍ 1228 ലക്ഷവും, 2013-14 ല്‍ 1289, ലക്ഷവും, 2014-15 ല്‍ 1462 ലക്ഷവുമായി ഉയര്‍ന്നത് ആറുമാസം പോലും സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയാത്ത അസംസ്കൃത റബ്ബര്‍ ടയറാക്കി മാറ്റി വരും വര്‍ഷങ്ങളിലെ ഡിമാന്‍ഡ് കുറക്കുവാന്‍ കാരണമാകുാതിരിക്കുവാനുള്ള നടപടി സ്വീകരിക്കുക.
൩. 2010-11 ല്‍ 477230 ഹെക്ടര്‍ ടാപ്പ് ചെയ്യാന്‍ പാകമായ തോട്ടങ്ങളില്‍ നിന്ന് ഒന്‍പത് ലക്ഷം ടണിനുമേല്‍ ഉത്പാദനമായിരുന്നത് 2014-15 ല്‍ 533675 ഹെക്ടറായി ഉയര്‍ന്നപ്പോള്‍ 6.45 ലക്ഷം ടണായി താണു. ഉത്പാദനച്ചെലവുമായി പൊരുത്തപ്പെടാതെ ടാപ്പിംഗ് നിറുത്തിവെച്ച തോട്ടങ്ങള്‍ കര്‍ഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കി. ഇറക്കുമതി നിയന്ത്രിച്ച് വിലസ്ഥിരത ഉറപ്പാക്കണം.
൪. കര്‍ഷകരുടെ എണ്ണം ലക്ഷങ്ങളാകയാല്‍ സംഘടിക്കുക ബുദ്ധിമുട്ടാണ്. പക്ഷെ നൂറിന് മുകളിലുള്ള നിര്‍മ്മാതാക്കള്‍ കൂട്ടം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ കൂട്ടായി വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കുവാനും, ഇറക്കുമതി ചെയ്ത് സര്‍പ്ലസ് ആക്കാനും മറ്റും സാധിക്കുന്നു. ഇവയുടെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം.
൫. ഡീലര്‍മാര്‍ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാനുള്ള സംവിധാനം നിലവിലില്ല. ഡീലര്‍മാര്‍ കടകള്‍ക്ക് മുന്നില്‍ റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച സാമ്പിള്‍ ഷീറ്റും വിലയും പ്രദര്‍ശിപ്പിക്കുകയോ കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റമാക്കി മാറ്റുകയോ ചെയ്യണം. അപ്രകാരം ഗ്രേഡിംഗ് തിരിമറി ഒഴിവാക്കാനും മുന്തിയ ഇനം ഷീറ്റുകളുടെ ലഭ്യതയും ഗുണനിലവാരമുള്ള ഉല്പന്ന നിര്‍മ്മാണവും സാധ്യമാക്കാം.
൬. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ അവസരം ലഭിച്ചാല്‍ മാത്രമെ ഒരു പുതിയ ഡീലര്‍ക്ക് ഫലപ്രദമായി വിപണനം നടത്താന്‍ കഴിയൂ. ഗുണനിലവാരമില്ല എന്ന് തിരിച്ചയക്കലും, നിര്‍മ്മാതാക്കള്‍ കൂട്ടായി ഡീലറെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തലും ഒഴിവാക്കാന്‍ ടെക്കനിക്കല്‍ ഗ്രേഡിംഗിന് സാധിക്കും.
൭. റബ്ബര്‍ ബോര്‍ഡിനെ അനുസരിക്കാത്ത കര്‍ഷകര്‍ പരിപാലിക്കുന്ന ജൈവ വളം മാത്രം നല്‍കുന്ന തോട്ടങ്ങളിലെ മണ്ണ് പരിശോധിച്ച് റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ അഗ്രോണമി വിഭാഗം തലവന്‍ ഡോ. ജോഷ്വാ എബ്രഹാം പറയുന്ന റബ്ബര്‍ തോട്ടങ്ങളിലെ ജൈവാംശത്തിന്റെ പ്രത്യേകതകള്‍ കര്‍ഷകരിലെത്തുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും വേണം.
൮. കൃത്യമായ ഇറക്കുമതി രേഖകള്‍ ഡി.ജി.എ.ഫ്.റ്റിയും, കയറ്റുമതി രേഖകള്‍ റബ്ബര്‍ ബോര്‍ഡും പ്രസിദ്ധീകരിക്കണം. ഇവയിലെ മാറ്റങ്ങള്‍ ബാലന്‍സ് സ്റ്റോക്കിലും വരുത്തണം. കയറ്റുമതി ഇറക്കുമതികളില്‍ ഗുണനിലവാര പരിശോധനയും, പോര്‍ട്ട് നിയന്ത്രണവും കര്‍ശനമാക്കണം.
൯. എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത് ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവ് ചെയ്തിട്ടാണെന്നാണ്. എന്നാല്‍ 1995 ല്‍ നിലവില്‍ വന്ന ഗാട്ട് കരാറിന് മുമ്പുള്ള രീതിയില്‍ മാറ്റം വരുത്തണം. ഉല്പന്ന നിര്‍മ്മാണത്തിനായി പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്ത് ആറുമാസത്തിനുള്ളില്‍ കയറ്റുമതി ചെയ്യുന്നത് ആഭ്യന്തര ഉപഭോഗത്തോടൊപ്പം കൂട്ടിച്ചേര്‍ക്കാതിരിക്കുക.
൧൦. ചൈനയില്‍ നിന്ന് താണവിലയ്ക്ക് ബസ്, ട്രക്ക് ടയറുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ആത്മ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ പരാതിപ്പെട്ടപ്പോള്‍ കേന്ദ്രം അതു പരിശോധിക്കാന്‍ തയ്യാറായി. അതേപോലെ താണവിലയ്ക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ നടപടി സ്വീകരിക്കണം.
൧൧. പ്രതിമാസ സ്ഥിതിവിവര കണക്കിലെ ഒാപ്പണിംഗ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിക്കിട്ടുന്ന ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ടാലിയാകുന്നില്ല. ഇത്തരം സ്ഥിതിവിവര കണക്കിലെ ക്രമക്കേട് അവസാനിപ്പിക്കുകയും, ടാലി ആകത്തക്ക രീതിയില്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും വേണം.
൧൨. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ് ഓഫ് പ്രഡക്ഷന്‍ നിര്‍മ്മിത ഉത്പന്ന വില നിയന്ത്രിക്കുന്നതില്‍ ഇടപെടണം. എന്നാല്‍ മാത്രമെ കര്‍ഷകനില്‍ നിന്ന് വാങ്ങുന്ന അസംസ്കൃത റബ്ബര്‍ വിലയും നിര്‍മ്മിത ഉല്പന്ന വിലയും തമ്മിലൊരു ബന്ധം നിലനില്‍ക്കുകയുള്ളു.
൧൩. കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ കൊടുക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അതിനാലാണ് ശമ്പളം 1983 ല്‍ 798 രൂപയുണ്ടാരുന്നത് 2016 ല്‍ 30302 രൂപയായി ഉയര്‍ന്നപ്പോള്‍ റബ്ബര്‍ കര്‍ഷകന് പ്രതി കിലോ 634 രൂപ ലഭിക്കാതെ പോകുന്നത്.
൧൪. സാഫ്ത പ്രകാരം ബംഗ്ലാദേശിലൂടെ ടയറുണ്ടാക്കാനുള്ള പതിമൂന്നിനമാണ് നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്നത്. ഇത്തരം കരാറുകള്‍ പുനപരിശോധിക്കണം. ഫ്രീ ട്രേഡ് എഗ്രിമെന്റുകള്‍ പുനപരിശോധിച്ച് പാളിച്ചകള്‍ തിരുത്തണം.
൧൫. ചത്തപിള്ളയുടെ ജാതകം എഴുതുന്ന പഴഞ്ചന്‍ രീതിയാണ് റബ്ബര്‍ ബോര്‍ഡ് ആറുമാസം മുന്‍പുള്ള സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ചെയ്യുന്നത്. അത് മാറി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സഹായത്താല്‍ ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം.
൧൬. ഭക്ഷ്യ വിളകളില്‍ നിന്ന് റബ്ബറിലേക്ക് കര്‍ഷകര്‍ ചേക്കേറിയത് ലാഭം മുന്നില്‍ കണ്ടാണ്. ഭക്ഷ്യ വിളകള്‍ക്കും നാണയപ്പെരുപ്പത്തിന് ആനുപാതിക വില ലഭിച്ചാല്‍ ഇപ്രകാരം വിളമാറ്റം ഉണ്ടാവില്ല. എല്ലാകൃഷികളും ലാഭകരമായി നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണം.
൧൭. പ്രതിവര്‍ഷ ടയറുകളുടെ നിര്‍മ്മാണം, വിപണനം, ബാലന്‍സ് സ്റ്റോക്ക് എന്നിവ പ്രസിദ്ധീകരിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് റബ്ബര്‍ബോര്‍ഡ് ഇത് പ്രസിദ്ധീകരിച്ചിരുന്നത് പുനസ്ഥാപിക്കണം.
൧൮. കര്‍ഷകരെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ താണവിലയ്ക്ക് കയറ്റുമതി ചെയ്യുന്നത് പരിശോധിക്കുവാനും, നടപടി എടുക്കുവാനും റബ്ബര്‍ ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണം.
൧൯. മുന്നൂറ് കോടി രൂപ സര്‍ക്കാര്‍ വില സ്ഥിരതയ്ക്കായി വിതരണം ചെയ്യുന്നത് 129 രൂപയില്‍ നിന്ന് 95 രൂപയായി വിലയിടിക്കാന്‍ മാത്രമെ സാധിച്ചുള്ളു. അത് വിതരണം ചെയ്യേണ്ടിയിരുന്നത് റബ്ബര്‍ വെട്ടിമാറ്റി ഭക്ഷവിള കൃഷി ആരംഭിക്കുന്ന കര്‍ഷകര്‍ക്കാണ്. അത് റബ്ബര്‍ വില ഉയരുവാനോ പിടിച്ചു നിറുത്താനോ സഹായിച്ചേനെ.
൨൦. റബ്ബര്‍ കൃഷിവ്യാപനം പഠനവിധേയമാക്കി നിയന്ത്രിക്കുകയും പുതുകൃഷിയും, ആവര്‍ത്തനകൃഷിയും കണക്കുകൂട്ടുമ്പോള്‍ വിളമാറ്റം വരുത്തിയ കണക്കുകളും ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യണം.
൨൧. തൊഴിലാളിയും കര്‍ഷകനും, കര്‍ഷകനും ഡീലറും, ഡീലറും ഉല്പന്ന നിര്‍മ്മാതാവും പരസ്പരം തമ്മിലടിക്കുന്നു. ചെയ്യിക്കുന്നത് തലപ്പത്തിരുന്ന് നിര്‍മ്മാതാക്കളും. തൊഴിലാളിക്കും, കര്‍ഷകനും, ഡീലര്‍ പ്രോസസ്സര്‍മാര്‍ക്കും, ഉല്പന്ന നിര്‍മ്മാതാക്കള്‍ക്കും തുല്യ നീതി ലഭിക്കണം.
൨൨. വിദേശങ്ങളിലും, കേരളത്തിലും അനേകം ഹെക്ടര്‍ റബ്ബര്‍ കൃഷി ചെയ്ത് ഉല്പന്ന നിര്‍മ്മാണം നടത്തുന്ന ടയര്‍ നിര്‍മ്മാതാക്കള്‍ കര്‍ഷകരുടെ ശത്രുക്കളായി മാറുന്നു. അവര്‍ക്ക് വിലയിടിക്കുവാന്‍ മാര്‍ഗങ്ങള്‍ പലതാണ്. ലാവോസ്, കമ്പോഡിയ, തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുകമാത്രമല്ല കയറ്റുമതിക്കാരെ സ്വാധീനിച്ച് താണവിലയ്ക്ക് കയറ്റുമതി ചെയ്ത് ഇന്ത്യയില്‍ ഇവര്‍ക്ക് കേന്ദ്രത്തിന്റെ സഹായത്താല്‍ നികുതി രഹിതമായും, താണവിലയിലും ഇറക്കുമതിയും ചെയ്യാം. ഇവയുടെ നിയന്ത്രണം അനിവാര്യമാണ്.