Sunday, December 11, 2005

റബ്ബർ കയറ്റുമതി വർധിപ്പിക്കും - ചെയർമാൻ

കൊച്ചി: റബ്ബർ കയറ്റുമതി പരമാവധി വർധിപ്പിക്കുവാനുള്ള ശ്രമം നടത്തുമെന്ന്‌ റബ്ബർ ബോർഡ്‌ ചെയർമാൻ സാജൻ പീറ്റർ പറഞ്ഞു.
കമ്പോളത്തിൽ അടിക്കടിയുണ്ടാകുന്ന വിലവ്യത്യാസം നിയന്ത്രിക്കുവാൻ കയറ്റുമതി വർധിപ്പിക്കേണ്ടതുണ്ട്‌. ഒപ്പം റബ്ബറിന്റെ ഗുണനിലവാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ചുമതലയേറ്റ അദ്ദേഹത്തിന്‌ റബ്ബർ മാർക്ക്‌ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. റബ്ബർ മാർക്കിന്റെ നവീകരിച്ച കോൺഫറൻസ്‌ ഹാളിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്വീകരണ പരിപാടിയിൽ റബ്ബർ മാർക്ക്‌ പ്രസിഡന്റ്‌ ടി.എച്ച്‌.മുസ്തഫ എം.എൽ.എ അധ്യക്ഷനായി. എൻ.സി.ഡി.സി ഡയറക്ടർ പി.സി.ചാക്കോ, റബ്ബർ മാർക്ക്‌ മാനേജിങ്ങ്‌ ഡയറക്ടർ ആർ.ശ്രീരേഖ, നാഫെഡിന്റെ ഡയറക്ടർ സിബി മോനിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
കടപ്പാട്‌: മാതൃഭൂമി 10-12-05
"കയറ്റുമതി ശ്രമം നല്ലതുതന്നെയാണ്‌. എന്നാൽ ആഭ്യന്തര ഉപഭോഗത്തിന്‌ റബ്ബർ തികയാതിരിക്കുകയും അന്താരാഷ്ട്രവില കൂടിയിരിക്കുകയും ചെയ്യുമ്പോൾ ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ട്‌ ഇന്ത്യയിൽ നിന്നു നടത്തുന്ന താണ വിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാൻ മാത്രമേ പ്രയോജനപ്പെടുകയുള്ളു. ലോകവിപണിയിലെ ഏറ്റവും താണവില ബാങ്കോക്ക്‌ വിലയാണെന്നിരിക്കെ അതിനേക്കാൾ താണവിലയ്ക്ക്‌ ഇന്ത്യയിൽ നിന്ന്‌ കയറ്റുമതി ചെയ്യുന്നതിന്റെ ഉദ്ദേശം ഇടനിലക്കാരെ സഹായിക്കുക, അന്താരാഷ്ട്രവിലയിടിക്കുക, ഉത്‌പാദകരാജ്യങ്ങളിലേക്ക്‌ കയറ്റുമതിയും തിരികെ താണവിലക്കുള്ള ഇറക്കുമതി മുതലായവ ആണ്‌ ലക്ഷ്യങ്ങൾ എന്ന്‌ മനസിലാക്കാം. ഇത്തരം കയറ്റുമതി വിലസ്ഥിരതയേക്കാൾ വിയിലെ ഏറ്റക്കുറച്ചിലിനേ സഹായിക്കൂ. അറിയുവാനുള്ള അവകാശം ഉത്‌പാദകരായ കർഷകർക്കുണ്ടെന്നിരിക്കെ കയറ്റുമതിയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ വെബ്‌ പേജുകളിൽ പ്രസിദ്ധീകരിക്കുന്നത്‌ നല്ലതായിരിക്കും. ഏത്‌ ഗ്രേഡ്‌, അളവ്‌, കയറ്റുമതി ചെയ്ത വില, രാജ്യം മുതലായവ പ്രസിദ്ധീകരിക്കുന്നത്‌ WTO യുടെ പ്രവർത്തനത്തിലെ സുതാര്യതക്ക്‌ സഹായകമാകും. ഉദാ. ഇന്ത്യയിൽ നിന്ന്‌ കയറ്റുമതി ശ്രീലങ്കയിലേയ്ക്ക്‌ ചെയ്തുവെങ്കിൽ അതേ വിവരങ്ങൾ രണ്ടുരാജ്യങ്ങളിലെയും വെബ്‌ പേജുകളിൽ ലഭ്യമാവണം. കടലാസ്‌ കയറ്റുമതി കർഷകരേയും ചെറുകിട ഉത്‌പന്ന നിർമാതാക്കളെയും ദ്രോഹിക്കുവാനേ സഹായിക്കുകയുള്ളു.ഒരുമാസം മുൻപ്‌ പീക്ക്‌ സീസൺ വരുകയാണെന്നും വിലയിടിയും എന്ന്‌ പ്രവചിച്ചത്‌ ഒരാഴ്ച മഴപെയ്തപ്പോൾ 5.25 രൂപ കിലോ ഒന്നിന്‌ കൂടിയതായി കാണാം. 12-12-05 ലെ മാതൃഭൂമി ധനകാര്യത്തിൽ ആഭ്യന്തര വിപണിയുമായി 8-9 രൂപയുടെ വിലവ്യതാസം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഇറക്കുമതി ലാഭകരമല്ലയെന്നും ഇന്ത്യയിൽ ഉത്‌പാദനത്തെക്കാൾ ഉയർന്ന ഡിമാൻഡാണ്‌ 2006 ൽ പ്രതീക്ഷിക്കുന്നത്‌ എങ്കിൽ എന്തിനാണ്‌ നഷ്ടം സഹിച്ച്‌ കയറ്റുമതി എന്ന്‌ ആലോചിക്കുക. തീർച്ചയായും ഈ വിലവ്യത്യാസത്തിലും ഇറക്കുമതി നടക്കും. അത്‌ കയറ്റുമതി ചെയ്യുന്നത്‌ ഇറക്കുമതിയായി മാറുന്നതാണെന്നുമാത്രമേ സംശയിക്കുവാൻ കഴിയുകയുള്ളു"